കോട്ടയം: കളക്ടറേറ്റ് പരിസരത്ത് ഉപയോഗശൂന്യമായ സര്‍ക്കാര്‍ വാഹനങ്ങള്‍ കിടക്കുന്നത് സന്ദര്‍ശകരുടെ പാര്‍ക്കിംഗ് സൗകര്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.
വിവിധ വകുപ്പുകളുടെ കാലപ്പഴക്കം ചെന്ന ഉപയോഗശൂന്യമായ വാഹനങ്ങളാണ് കളക്ടറേറ്റ് പരിസരത്ത് നിരത്തിവച്ചിരിക്കുന്നത്. ഇതാണ് കളക്ടറേറ്റിലേക്ക് എത്തുന്നവരുടെ വാഹനങ്ങളുടെ പാര്‍ക്കിംഗിന് അസൗകര്യം സൃഷ്ടിക്കുന്നത്. ഇതു മാത്രമല്ല കളക്ടറേറ്റ് പരിസരത്തിന്റെ ശുചിത്വവും സൗന്ദര്യവും നഷ്ടപ്പെടുത്തുന്നെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം. ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്ത് അവ നിയമാനുസൃതമായി ലേലം ചെയ്യുകയോ സ്ക്രാപ്പ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ ചില വാഹനങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു സ്വകാര്യ വ്യക്തിക്ക് തന്റെ ഉപയോഗശൂന്യമായ വാഹനം പൊളിച്ചുനീക്കുന്നതിന് നിയമാനുസൃതമായ നടപടിക്രമങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയും ആവശ്യമാണ്. നിയമങ്ങള്‍ നടപ്പാക്കേണ്ട സര്‍ക്കാര്‍ വകുപ്പുകളുടെ തന്നെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ വര്‍ഷങ്ങളായി വെറുതേയിട്ടിരിക്കുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരം പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ടതാണെന്നും നിയമം നടപ്പാക്കുന്ന വകുപ്പുകള്‍ തന്നെ തങ്ങളുടെ പരിസരം വൃത്തിഹീനമാകാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്നും സാമൂഹിക പ്രവര്‍ത്തകരും സന്ദര്‍ശകരും ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളോളം സര്‍ക്കാര്‍ സേവനത്തിനായി ഉപയോഗിച്ച വാഹനങ്ങളെ ഇത്തരത്തില്‍ അവഗണിച്ച് ഉപേക്ഷിക്കുന്നതിന് പകരം മാന്യമായ രീതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
അതേസമയം കളക്ട്രേറ്റ് വളപ്പിനുള്ളിലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് പ്ലാവില്‍നിന്നും മാവില്‍ നിന്നുമുള്ള ഇലകളും കമ്പുകളും പഴുത്ത ചക്കയും മാങ്ങയും നിലത്ത് വീണു അഴുകി കിടക്കുകയാണെന്നും പരാതിയുണ്ട്.
അടിയന്തരമായി ഇതിനു പരിഹാരമുണ്ടാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.